Click

2012 ഡിസംബർ 8, ശനിയാഴ്‌ച

യെദ്യൂരപ്പയുടെ പാര്‍ട്ടി പ്രഖ്യാപന റാലി ഇന്ന്; ബി.ജെ.പിക്ക് ചങ്കിടിപ്പ്

ബംഗളൂരു: കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കര്‍ണ്ണാടക ജനതാ പാര്‍ട്ടി റാലി ഇന്ന് ഹാവേരിയില്‍.
ബി.ജെ.പി നേതൃത്വത്തെ ആശങ്കയിലും മുള്‍മുനയിലും നിര്‍ത്തുന്ന റാലിയില്‍ ഒന്നരലക്ഷത്തോളം അനുയായികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ബി.ജെ.പി വിട്ട യെദ്യൂരപ്പ ഇന്നത്തെ റാലിയില്‍ കെ.ജെ.പി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും. താല്‍ക്കാലിക പ്രസിഡണ്ടായ ധനജ്ഞയകുമാര്‍ യെദ്യൂരപ്പക്ക് വേണ്ടി സ്ഥാനം ഒഴിയും.
നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുന്ന ബല്‍ഗാമില്‍ കഴിഞ്ഞ ദിവസം രാവിലെ യെദ്യൂരപ്പ നല്‍കിയ വിരുന്നില്‍ ഏഴ് മന്ത്രിമാരും 23ല്‍ പരം എം.എല്‍.എമാരും പങ്കെടുത്തത് ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
യെദ്യൂരപ്പയുമായി സഹകരിക്കരുതെന്ന് ശക്തമായ വിലക്കുണ്ടായിട്ടും മന്ത്രിമാരായ സി.എം ഉദസി, മുരുകേഷ് നിവന്നി, എം.പി രേണുകാചാര്യ, വി.സോമണ്ണ, ബി.ജെ ചുട സ്വാമി, ഉമേശ്കട്ടി എന്നിവരാണ് വിരുന്നില്‍ പങ്കെടുത്ത മന്ത്രിമാര്‍. 30ല്‍പരം എം.എല്‍.എ മാര്‍ തന്നോടൊപ്പം ഉണ്ടെന്നാണ് യെദ്യൂരപ്പയുടെ അവകാശവാദം.
എന്നാല്‍ ബി.ജെ.പി നേതൃത്വം അച്ചടക്ക നടപടി എടുക്കുമെന്നതിനാല്‍ എം.എല്‍.എമാരും മന്ത്രിമാരും തല്‍ക്കാലം റാലിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് യെദ്യൂരപ്പ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
തന്റെ കൂടി താല്‍പ്പര്യ പ്രകാരം അധികാരത്തിലെത്തിയ ജഗദിഷ് ഷെട്ടര്‍ മന്ത്രിസഭയെ താഴെ ഇറക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ