Click

2012 ഡിസംബർ 8, ശനിയാഴ്‌ച

ട്രെയിനില്‍ കടത്തിയ നാലു ലക്ഷത്തിന്റെ പാന്‍ മസാല പിടികൂടി; ഒരാള്‍ അറസ്റ്റില്‍

 

കരുനാഗപ്പള്ളി: ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന 100 പാക്കറ്റ് പാന്‍ മസാല കൊല്ലം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ പിടികൂടി. തിരുവനന്തപുരം ബാലരാമപുരം മണിച്ചിറ വീട്ടില്‍ മുഹമ്മദ് ഹാഷിമി(35)ന്റെ പക്കല്‍ നിന്നാണ് പാന്‍മസാല കെട്ടുകള്‍ പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത് കരുനാഗപ്പള്ളി പൊലീസിന് കൈമാറി.
ഇന്നലെ രാവിലെ 10.10ന് കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ കന്യാകുമാരി-മുംബൈ ജയന്തി ജനത ട്രെയിനില്‍ നിന്ന് ഇറങ്ങിയ ഇയാളെ മഫ്തിയില്‍ നിന്നിരുന്ന റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ നാഗര്‍കോവിലില്‍ നിന്ന് കച്ചവടത്തിനായി കൊണ്ടുവന്ന തുണികളാണെന്നാണ് ആദ്യം പറഞ്ഞത്.
സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ കെട്ടു പരിശോധിച്ചപ്പോള്‍ പാന്‍ മസാലകളാണെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ആര്‍.പി.എഫ് വിഭാഗം കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ നിരീക്ഷണം നടത്തിവരികയായിരുന്നു.
കരുനാഗപ്പള്ളി, ചവറ, വെറ്റമുക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചില വന്‍ക്കിട കച്ചവടക്കാര്‍ക്ക് ഹോള്‍സെയില്‍ റേറ്റില്‍ നല്‍കാനാണ് പാന്‍ മസാല കൊണ്ടുവന്നതെന്ന് ഇയാള്‍ പൊലീസിനോടു പറഞ്ഞു. കേരളത്തില്‍ പാന്‍ മസാല നിരോധിച്ചതിനാല്‍ തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍നിന്ന് തെക്കന്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് പാന്‍മസാലകള്‍ കടത്തിക്കൊണ്ടുവരുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് സംശയിക്കുന്നു.
പിടികൂടിയ പാന്‍മസാലക്ക് നാലു ലക്ഷം രൂപ വിലമതിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ നിരോധിക്കപ്പെട്ട പുകയില ഉല്‍പന്നങ്ങള്‍ കടത്തിക്കൊണ്ടുവന്നതിന് കേസെടുത്തിട്ടുണ്ടെന്ന് കരുനാഗപ്പള്ളി പൊലീസ് പറഞ്ഞു. ആര്‍.പി.എഫ് ഉദ്യോഗസ്ഥരായ വിനോദ് ജി. നായര്‍, എ.എസ്.ഐ. രാജേന്ദ്രന്‍പിള്ള, ഹെഡ് കോണ്‍സ്റ്റബിള്‍ ശ്രീകുമാര്‍, പൊലീസുകാരായ വി. ഷാജി, അജീബ്, ടി.കെ.വി നായര്‍ എന്നിവരാണ് പാന്‍ മസാല പാക്കറ്റുകള്‍ പിടിച്ചെടുത്തത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ