Click

2012 ഡിസംബർ 3, തിങ്കളാഴ്‌ച

ചുവപ്പിലുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്

 

ചുവപ്പിലുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്
റിയാദ്: ചുവപ്പ് വിഭാഗത്തില്‍ തുടരുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുമെന്ന് തൊഴില്‍മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ് മുന്നറിയിപ്പ് നല്‍കി. സ്വദേശിവത്കരണത്തിന്‍െറ ഭാഗമായി സ്വകാര്യ തൊഴില്‍മേഖലയില്‍ ഒരു വര്‍ഷം മുമ്പ് നടപ്പാക്കിയ നിതാഖാത്ത് വ്യവസ്ഥ പ്രകാരം സ്വദേശി അനുപാതം പൂര്‍ത്തിയാക്കാനാകാതെ ചുവപ്പിലുള്‍പ്പെട്ട സ്ഥാപനങ്ങള്‍ നില മെച്ചപ്പെടുത്താന്‍ ശ്രമിക്കാത്തപക്ഷം അടച്ചുപൂട്ടാന്‍ മന്ത്രാലയം നിര്‍ബന്ധിതമാകുമെന്ന് അദ്ദേഹം അറിയിച്ചു. മാനവവിഭവശേഷി വകുപ്പ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തൊഴില്‍ മന്ത്രി. സ്വദേശി അനുപാതം പൂര്‍ത്തിയാക്കിയ എക്സലന്‍റ്, പച്ച വിഭാഗങ്ങള്‍ക്ക് മാനവവിഭവശേഷി വകുപ്പി (ഹദഫ്) ന്‍െറ ഫണ്ടില്‍നിന്ന് കൂടുതല്‍ സഹായങ്ങള്‍ ലഭിക്കുമെന്നും അത് നിലവലുള്ളതിന്‍െറ ഇരുപത് ഇരട്ടിയോളം വരുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്വദേശികള്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന 2000 റിയാല്‍ 4000 റിയാലാക്കി വര്‍ധിപ്പിക്കും. രണ്ട് വര്‍ഷംവരെ നല്‍കുമെന്ന് പ്രഖ്യാപിച്ച നിലവിലെ സാമ്പത്തിക സഹായത്തിന്‍െറ കാലാവധി നാല് വര്‍ഷമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എക്സലന്‍റ്, പച്ച വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിദേശ തൊഴിലാളികള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയ അധിക ബാധ്യത തീരുമാനം പിന്‍വലിക്കുകയോ ചുരുങ്ങിയത് ഇളവ് പ്രഖ്യാപിക്കപ്പെടുകയോ ചെയ്യുമെന്ന തൊഴിലുടമകളുടെയും തൊഴിലാളികളുടെയും പ്രതീക്ഷയില്‍ നിഴല്‍ വീഴ്ത്തുന്ന പ്രസ്താവനയാണ് ഇതുസംബന്ധിച്ച് മന്ത്രിയില്‍നിന്നുണ്ടായത്. തീരുമാനം തിരുത്താനോ പിന്‍വലിക്കാനോ മന്ത്രാലയത്തിനധികാരമില്ലെന്ന് പറഞ്ഞ അദ്ദേഹം മന്ത്രിസഭയാണ് തീരുമാനമെടുത്തതെന്നും അവിടെനിന്നാണ് തിരുത്തലുണ്ടാകേണ്ടതെന്നും വ്യക്തമാക്കി. തീരുമാനം വഴി സാമ്പത്തിക നഷ്ടം ഭയക്കുന്നവര്‍ക്ക് അതിനെതിരെ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണെന്നും അതിനവര്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രാലയ തീരുമാനത്തിനെതിരെ അപ്പീലിന് പോകാന്‍ വ്യവസായികളെയും കരാറുടമകളെയും പ്രേരിപ്പിക്കുന്നവിധം റിയാദ്, ജിദ്ദ ചേംബര്‍ മേധാവികള്‍ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. ആരെയെങ്കിലും ദ്രോഹിക്കുകയെന്നത് സര്‍ക്കാര്‍ നയമല്ലെന്നും തൊഴില്‍ മന്ത്രി എന്ന നിലയില്‍ മൊത്തം തൊഴില്‍മേഖലയെ പിന്തുണക്കുയുകയും പ്രോല്‍സാഹിപ്പിക്കുകയുമാണ് തന്‍െറ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ