Click

2012 ഡിസംബർ 6, വ്യാഴാഴ്‌ച

സര്‍കാരിന്‍ വീണ്ടും ഒരു പരീക്ഷണം


ന്യൂദല്‍ഹി: ചില്ലറ വ്യാപാര പ്രശ്നത്തില്‍ രാജ്യസഭയില്‍ വെള്ളിയാഴ്ച നടക്കുന്ന വോട്ടെടുപ്പ് പ്രശ്നരഹിതമായി മറികടക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പിച്ചു. ലോക്സഭയില്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന് സഹായിച്ച ബി.എസ്.പി രാജ്യസഭയില്‍ സര്‍ക്കാറിനു വേണ്ടി വോട്ടു ചെയ്യും. സമാജ്വാദി പാര്‍ട്ടി ലോക്സഭയിലെന്ന പോലെ രാജ്യസഭയിലും ഇറങ്ങിപ്പോക്ക് നടത്തും. ഭരണപക്ഷം ന്യൂനപക്ഷമായ രാജ്യസഭയിലെ നമ്പര്‍ കളികളില്‍ ഇതോടെ സര്‍ക്കാറിന് മേല്‍ക്കൈ കിട്ടും.
 ബഹുബ്രാന്‍ഡ് ചില്ലറ വ്യാപാരത്തില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്.ഡി.ഐ) അനുവദിച്ച തീരുമാനത്തോട് രാജ്യത്തെ പൊതുവികാരം എതിരായിട്ടു കൂടി, പാര്‍ലമെന്‍റിന്‍െറ ഇരുസഭകളിലും സര്‍ക്കാര്‍ വോട്ടെടുപ്പു വിജയം നേടുന്നതാണ് മുലായംസിങ്, മായാവതി എന്നിവര്‍ നയിക്കുന്ന പാര്‍ട്ടികളുടെ ഒളിച്ചുകളി നിലപാടിലൂടെ സംഭവിക്കുന്നത്. റീട്ടെയില്‍ എഫ്.ഡി.ഐക്ക് എതിരാണെന്നാണ് രണ്ടു പാര്‍ട്ടികളുടെയും പരസ്യനിലപാട്.
 രാജ്യസഭയില്‍ വ്യാഴാഴ്ച ആരംഭിച്ച വോട്ടെടുപ്പു ചര്‍ച്ചയില്‍ പങ്കെടുത്ത ബി.എസ്.പി നേതാവ് മായാവതി തന്നെയാണ്, സര്‍ക്കാറിന് അനുകൂലമായി വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ചത്. സഭയില്‍ ബി.എസ്.പിക്ക് 15 അംഗങ്ങളുണ്ട്. ഇതാദ്യമായാണ് മായാവതി കോണ്‍ഗ്രസിനോട് ഇത്രയും ചേര്‍ന്നു നില്‍ക്കുന്നത്. ഒമ്പത് അംഗങ്ങളുള്ള സമാജ്വാദി പാര്‍ട്ടിക്കാകട്ടെ, മായാവതി നേരത്തേ നിലപാട് പ്രഖ്യാപിച്ചത് സൗകര്യമായി. ലോക്സഭയില്‍ സ്വീകരിച്ച അതേ നിലപാടില്‍ ഉറച്ചുനിന്ന് വോട്ടെടുപ്പു സമയത്ത് അവര്‍ക്ക് ഇറങ്ങിപ്പോകാം. കണക്കുകള്‍ പ്രകാരം സര്‍ക്കാറിന് ഏറ്റവും ഭദ്രമായൊരു രാജ്യസഭാ നില ഇതോടെ കൈവരും.
 എന്നാല്‍, മായാവതിയും മുലായവും ഇരട്ടത്താപ്പിന്‍െറ പേരില്‍ രൂക്ഷമായ വിമര്‍ശമാണ് സഭക്കുള്ളിലും പുറത്തും ഏറ്റുവാങ്ങുന്നത്. അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത് റീട്ടെയില്‍ എഫ്.ഡി.ഐക്ക് എതിരുനിന്ന പാര്‍ട്ടികള്‍ ഇപ്പോള്‍ രാജ്യത്തെ ചെറുകിട വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും എതിരു നില്‍ക്കുകയാണെന്ന് രാജ്യസഭയില്‍ തുടങ്ങിയ വോട്ടെടുപ്പു ചര്‍ച്ചയില്‍ പ്രമുഖ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. എന്നാല്‍ റീട്ടെയില്‍ എഫ്.ഡി.ഐ നടപ്പാക്കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കാത്തതു കൊണ്ട് പേടിക്കാനില്ലെന്ന വിശദീകരണമാണ് മായാവതി നല്‍കിയത്. ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനൊത്ത് നില്‍ക്കാന്‍ കഴിയില്ലെന്നും മായാവതി പറഞ്ഞു.  സി.ബി.ഐയുടെ സമ്മര്‍ദങ്ങള്‍ മൂലമാണ് മായാവതി സര്‍ക്കാറിനെ സഹായിക്കുന്നതെന്ന ആരോപണത്തോട് രൂക്ഷമായാണ് അവര്‍ പ്രതികരിച്ചത്. ബി.ജെ.പി ഭരണകാലത്ത് സി.ബി.ഐയെ തനിക്കെതിരെ ദുരുപയോഗിച്ചിട്ടുണ്ട്. ഒന്നിച്ചു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മടികാണിച്ചപ്പോള്‍ 2003ല്‍ യു.പിയില്‍ തന്‍െറ മന്ത്രിസഭക്കുള്ള പിന്തുണ അവര്‍ പിന്‍വലിച്ചു. ബി.ജെ.പിയുടെയും മറ്റും പദ്ധതികള്‍ അട്ടിമറിഞ്ഞപ്പോള്‍ ‘കിട്ടാത്ത മുന്തിരി പുളിക്കു’മെന്ന വികാരത്തോടെയാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്ന് മായാവതി പറഞ്ഞു. ഇത് ഒച്ചപ്പാടിന് വഴിവെച്ചു. അനാവശ്യ പരാമര്‍ശം സഭാരേഖയില്‍നിന്ന് നീക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടപ്പോള്‍ പാര്‍ലമെന്‍ററികാര്യ മന്ത്രി കമല്‍നാഥ് മായാവതിയുടെ രക്ഷക്കെത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ