Click

2012 ഡിസംബർ 5, ബുധനാഴ്‌ച

രണ്ട് പതിറ്റാണ്ടിനുശേഷം സി.പി.എം ബാബരി മസ്ജിദ് സ്മരണദിനം ആചരിക്കുന്നു

 


രണ്ട് പതിറ്റാണ്ടിനുശേഷം സി.പി.എം ബാബരി മസ്ജിദ് സ്മരണദിനം ആചരിക്കുന്നു
ബാബരി മസ്ജിദ്
തൃശൂര്‍: ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സി.പി.എം ബാബരി മസ്ജിദ് സ്മരണദിനം ആചരിക്കുന്നു.
പള്ളി തകര്‍ക്കപ്പെട്ടതിന്‍െറ 20ാം വാര്‍ഷികദിനമായ വ്യാഴാഴ്ച സി.പി.എം സംഘടിപ്പിക്കുന്ന മതേതര സംരക്ഷണ ദിനാചരണത്തിന്‍െറ ഭാഗമായി ഏരിയാ കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തും. പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഗാന്ധി ജയന്തി, സ്വാതന്ത്ര്യദിനം, റിപ്പബ്ളിക് ദിനം തുടങ്ങിയവക്ക് ഡി.വൈ.എഫ്.ഐ ദിനാചരണ പരിപാടി സംഘടിപ്പിക്കാറുണ്ടെന്നതൊഴിച്ചാല്‍ ഇത്തരം സ്മരണ ദിനാചരണം സി.പി.എം സംഘടിപ്പിക്കാറില്ല. ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിരോധത്തിലായ സി.പി.എം അടുത്ത കാലത്താണ് മുമ്പ് നടത്തിയിട്ടില്ലാത്ത അനുസ്മരണങ്ങളും ദിനാചരണ പരിപാടികളും സംഘടിപ്പിച്ചുതുടങ്ങിയത്.
അന്തിക്കാട്ട് ശങ്കരംകണ്ടത്തെ സുബ്രഹ്മണ്യന്‍ കൊല ചെയ്യപ്പെട്ട് 42 വര്‍ഷം കഴിഞ്ഞപ്പോള്‍ ഈവര്‍ഷം സി.പി. എം ആദ്യമായി രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു. സമീപകാലത്ത് സി.പി.എം-സി.പി.ഐ ബന്ധത്തെ പിടിച്ചുലച്ചതായിരുന്നു സുബ്രഹ്മണ്യന്‍െറ കൊലപാതകം.
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മരിച്ച്  67 വര്‍ഷം കഴിഞ്ഞപ്പോഴാണ്, കഴിഞ്ഞദിവസം എറിയാട്ട് സി.പി.എം ആദ്യമായി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. അബ്ദുറഹ്മാന്‍െറ രാഷ്ട്രീയ പൈതൃകം സി.പി.എമ്മിന് അവകാശപ്പെട്ടതാണെന്നാണ്  ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത്.
വി.എസിനെതിരായ ഭൂമിദാനക്കേസ്, കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് പുനരന്വേഷണം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിക്കൂട്ടിലായ സി.പി.എം, രാഷ്ട്രീയ വിശദീകരണത്തിനുള്ള മാര്‍ഗമായി ഇത്തരം അനുസ്മരണ ചടങ്ങുകളെ മാറ്റുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ