Click

2012 ഡിസംബർ 3, തിങ്കളാഴ്‌ച

വീട്ടില്‍ നിന്ന് 70 പവന്‍ കവര്‍ന്ന കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍

 


ഉദുമ: ഗൃഹപ്രവേശം നടന്ന വീട്ടില്‍ നിന്ന് 70 പവന്‍ സ്വര്‍ണവും 10,000 രൂപയും കവര്‍ന്ന കേസിലെ രണ്ടാംപ്രതിയെ പ്രത്യേക അന്വേഷണസംഘം കാസര്‍കോട്ട് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചാലിയം കടലുണ്ടി സ്വദേശി വാണിമേല്‍ ചാമവാടിയ പറമ്പത്ത് സാഹ മന്‍സിലില്‍ സജീര്‍ എന്ന നവാസ് (38) ആണ് പിടിയിലായത്. പ്രതി കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ബസ് സ്റ്റോപ്പില്‍ നിന്നാണ് പിടികൂടിയത്.
സെപ്റ്റംബര്‍ 14ന് മേല്‍പറമ്പിലെ ഹനീഫയുടെ വീടിന്‍െറ ഗൃഹപ്രവേശ ദിവസമായിരുന്നു കവര്‍ച്ച. അടുക്കള വാതില്‍ തകര്‍ത്ത് അകത്തുകടന്ന് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവരുകയായിരുന്നു.
കേസിലെ കൂട്ടുപ്രതി റബ്ദീന്‍ സലീമിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലാവാനുള്ള മുഖ്യപ്രതിയും ആസൂത്രകനുമായ മേല്‍പറമ്പിലെ കല്ലട്ര മുഹമ്മദ് നജീബ് (26) ഗള്‍ഫിലേക്ക് കടന്നതായാണ് സൂചന.
സംഘം നീലേശ്വരം, പയ്യന്നൂര്‍, കുമ്പള എന്നിവിടങ്ങളിലെ അഞ്ചോളം വീടുകളില്‍ നേരത്തേ മോഷണം നടത്തിയെന്നും പൊലീസ് പറഞ്ഞു. മേല്‍പറമ്പിലെയും നീലേശ്വരത്തെയും രണ്ടുവീടുകളില്‍ കവര്‍ച്ചാശ്രമം നടത്തിയിട്ടുമുണ്ട്. ബദിയടുക്ക കാടുക്കുടുക്കെയില്‍ ഹവാലപ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതും ഈ സംഘമാണെന്നാണ് വിവരം.
മുഖ്യപ്രതി മുഹമ്മദ് നജീബാണ് മോഷണങ്ങള്‍ ആസൂത്രണം ചെയ്യുന്നതും വാഹന സൗകര്യം ഒരുക്കിനല്‍കുന്നതും. കവര്‍ച്ചാമുതല്‍ വിറ്റുകിട്ടുന്ന പണം സംഘം വീതിച്ചെടുക്കുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പെര്‍ഡാല സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ചാശ്രമത്തിനിടെ വാച്ച്മാന്‍ ഡെന്നിസ് ക്രാസ്റ്റയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് നവാസ്. അന്തരിച്ച സിനിമാതാരം രാജന്‍ പി. ദേവിന്‍െറ ഭാര്യസഹോദരന്‍െറ വീട്ടില്‍ നിന്ന് ലക്ഷങ്ങളുടെ സ്വര്‍ണം കവര്‍ച്ച ചെയ്ത് മുങ്ങിയ നവാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കാസര്‍കോട് എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഘത്തില്‍ സി.ഐ സുനില്‍കുമാര്‍, എസ്.ഐമാരായ രത്നാകരന്‍, പി. വി. രാഘവന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ നാരായണന്‍ നായര്‍, പി.കെ. ബാലകൃഷ്ണന്‍, അബൂബക്കര്‍, സുനില്‍ എബ്രഹാം എന്നിവര്‍ ഉണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ