ലണ്ടന്‍: ഷോര്‍ട്ട് മെസേജ് സര്‍വീസിനെ ചുരുക്കിയാല്‍ എസ്എംഎസ് ആയി. ഇന്ന് ആശംസകള്‍ അറിയിക്കാനും പ്രണയസന്ദേശങ്ങള്‍ അയക്കാനും എന്നുവേണ്ട എന്തിനും മൊബൈലുകളിലൂടെ എസ്എംഎസുകള്‍ തലങ്ങുംവിലങ്ങും പറന്നുകളിക്കുകയാണ്. 1992ലെ ഡിസംബര്‍ മൂന്നിനു നീല്‍ പാപവര്‍ത്ത് എന്‍ജിനീയറാണ് ചരിത്രത്തില്‍ ആദ്യമായി എസ്എംഎസിനെ പരീക്ഷിക്കുന്നത്. തന്റെ കമ്പനി മേധാവിയ്ക്കു 'മെറി ക്രിസ്മസ്' എന്ന സന്ദേശം നീല്‍ അയച്ചപ്പോള്‍ അദ്ദേഹം പോലും ഓര്‍ത്തിട്ടുണ്ടാകില്ല താന്‍ ചരിത്രത്തിന്റെ ഭാഗമാകുകയാണെന്ന്. ലോകത്തിലെ ആദ്യ എസ്എംഎസ് സ്വീകരിക്കാന്‍ ഭാഗ്യം ലഭിച്ചതാകട്ടെ റിച്ചാര്‍ഡ് ജാര്‍വിസിനും. ജാര്‍വിസിന്റെ ഓര്‍ബിറ്റല്‍ 901 ഹാന്‍ഡ്‌സെറ്റിലേയ്ക്കാണ് നീലിന്റെ സന്ദേശം ഒഴുകിയെത്തിയത്. സഹപ്രവര്‍ത്തകന്റെ ക്രിസ്മസ് ആശംസ എസ്എംഎസിലൂടെ ലഭിച്ച സന്തോഷം ജാര്‍വിസിനു സ്വന്തം. ഇന്ന് ഓരോ സെക്കന്റിലും രണ്ടു ലക്ഷം എസ്എംഎസുകള്‍ അയക്കപ്പെടുന്നുണ്‌ടെന്നാണ് കണക്ക്. ആശയവിനിമയത്തിനു ഏറ്റവും എളുപ്പവും വേഗതയും എസ്എംഎസിനുണ്‌ടെന്ന് തിരിച്ചറിഞ്ഞ ലോകം അതിനു പിന്നാലെ പായുകയായിരുന്നു. 1993ല്‍ സ്വീഡനിലാണ് എസ്എംഎസുകള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ യാത്ര തുടങ്ങിയത്. സ്വീഡനൊപ്പം അമേരിക്കയും ബ്രിട്ടനും എസ്എംഎസിന്റെ സാധ്യതകള്‍ തിരിച്ചറിയുകയായിരുന്നു.1994ല്‍ നോക്കിയയാണ് എസ്എംഎസുകള്‍ സ്വീകരിക്കാന്‍ കഴിയുന്ന ആദ്യത്തെ ജിഎസ്എം ഫോണ്‍ വിപണിയില്‍ എത്തിച്ചത്. എന്നാല്‍ 95 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ എസ്എംഎസുകള്‍ കാര്യമായി ഉപയോഗിച്ചിരുന്നില്ല. 2000നു ശേഷമാണ് എസ്എംഎസുകള്‍ ജനപ്രിയമാകാന്‍ തുടങ്ങിയത്. ഇന്ന് ഇന്റര്‍നെറ്റും ചാറ്റിംഗും വീഡിയോ കോളിംഗും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി സ്മാര്‍ട്ട്‌ഫോണുകള്‍ അരങ്ങ് തകര്‍ക്കുമ്പോഴും എസ്എംഎസുകള്‍ ഇടതടവില്ലാതെ ഒഴുകുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ