Click

2012 നവംബർ 28, ബുധനാഴ്‌ച

അഴിമതിക്കാര്‍ക്ക് താക്കീതായി ജിദ്ദ പ്രളയക്കേസിലെ കോടതിവിധി

 

ജിദ്ദ: ജനങ്ങളുടെ ജീവനും സ്വത്തിനും വമ്പിച്ച നാശനഷ്ടം വരുത്തിയ 2009ലെ ജിദ്ദ പ്രളയത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ ദിവസം അഡ്മിനിസ്ട്രേറ്റീവ് കോടതി വിധിച്ച ശിക്ഷ പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു. ഒട്ടേറെ പേര്‍ക്ക് ജീവഹാനി നേരിടുകയും പരശ്ശതം കോടികളുടെ നഷ്ടത്തിനിടയാക്കുകയും ചെയ്ത പ്രളയത്തോളം ജനങ്ങളെ ഞെട്ടിച്ചതായിരുന്നു അതിനിടയാക്കിയ ഉദ്യോഗസ്ഥലോബിയുടെ അഴിമതിക്കഥകള്‍. ഇതു പുറത്തുവന്നയുടനെ തന്നെ അഴിമതിക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് പ്രഖ്യാപിച്ചിരുന്നു. ജിദ്ദ മുനിസിപ്പാലിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുതല്‍ താഴെ തട്ടിലെ ജീവനക്കാരന്‍ വരെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അഴിമതിയിലും കൈക്കൂലിയിലും പങ്കുപറ്റിയ അഞ്ചുപേര്‍ക്കാണ് കഴിഞ്ഞ ദിവസം അഡ്മിനിസ്ട്രേറ്റീവ് കോടതി ഒന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവിനും 10,000 മുതല്‍ ഒരു ദശലക്ഷം റിയാല്‍ വരെ പിഴയും ചുമത്തിയത്.
കൈക്കൂലി വാങ്ങുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യാപാരം പാടില്ലെന്ന വ്യവസ്ഥ ലംഘിക്കുകയും ചെയ്തതിന് മുനിസിപ്പാലിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥന് ഏഴുവര്‍ഷത്തെ തടവും ഒരു ദശലക്ഷം സൗദി റിയാല്‍ പിഴയും കോടതി വിധിച്ചു. മഴവെള്ള-മലിനജല പദ്ധതിയുടെ ചുമതല വഹിച്ചിരുന്ന ഈ ഉദ്യോഗസ്ഥനാണ് ഏറ്റവും കൂടിയ ശിക്ഷ കോടതി വിധിച്ചത്. ജിദ്ദയിലെ പ്രമുഖ ബിസിനസുകാരനും ഒരു സ്പോര്‍ട്സ് ക്ളബിന്‍െറ മുന്‍ സാരഥിയുമായ മറ്റൊരു പ്രതിക്ക് മൂന്നുവര്‍ഷത്തെ തടവും രണ്ടു ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ. കേസില്‍ പ്രതിയായ മറ്റൊരു വ്യാപാരിക്ക് നാലു വര്‍ഷം തടവും അഞ്ചു ലക്ഷം റിയാല്‍ പിഴയും കൈക്കൂലി വാങ്ങിയ നിര്‍മാണകമ്പനിയിലെ ജീവനക്കാരനായ ജോര്‍ദാന്‍ പൗരന് ഒരു വര്‍ഷം തടവും പതിനായിരം റിയാല്‍ പിഴയും അതേ കമ്പനിയിലെ സിറിയക്കാരന് രണ്ടു വര്‍ഷം തടവും രണ്ടു ലക്ഷം റിയാല്‍ പിഴയും കോടതി വിധിച്ചു. പ്രതികള്‍ കസ്റ്റഡിക്കാലം കഴിച്ചുള്ള തടവുശിക്ഷ അനുഭവിച്ചാല്‍ മതി.
കൈക്കൂലി, പദവി ദുരുപയോഗം, അഴിമതി എന്നിവയാണ് പ്രതികള്‍ക്കെതിരെ കോടതി കണ്ടെത്തിയ കുറ്റം. ഇക്കാര്യത്തില്‍ പ്രതികള്‍ കോടതി മുമ്പാകെ നേരത്തേ കുറ്റസമ്മതം നടത്തിയിരുന്നു. മൂന്നു പേരെ കുറ്റക്കാരല്ലെന്നു കണ്ടു വിട്ടയച്ചു. ഡ്രെയിനേജുകളുടെ നിര്‍മാണത്തിലും മറ്റും കരാറുകാരില്‍ നിന്നും മറ്റും ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ കൈക്കൂലി വാങ്ങുകയും പദവി ദുരുപയോഗം ചെയ്ത് അവിഹിത ആനുകുല്യങ്ങള്‍ അനുവദിച്ചു എന്നുമായിരുന്നു പ്രതികള്‍ക്കെതിരായ കേസ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ