Click

2012 നവംബർ 30, വെള്ളിയാഴ്‌ച

ഐ.ടി ആക്ട് ഭേദഗതി; സര്‍ക്കാറുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ്




ഐ.ടി ആക്ട് ഭേദഗതി; സര്‍ക്കാറുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ്
ന്യൂദല്‍ഹി: ഐ.ടി ആക്ടിലെ വിവാദമായ വകുപ്പ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട്  സമര്‍പിച്ച പൊതു താല്‍പര്യ ഹരജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. മഹാരാഷ്ട്ര, തമിഴ്നാട്,പശ്ചിമ ബംഗാള്‍,ദല്‍ഹി,പുതുച്ചേരി സര്‍ക്കാറുകള്‍ക്കാണ് നോട്ടീസ് അയച്ചത്. നാലാഴ്ചക്കകം മറുപടി ബോധിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന്റെപേരില്‍ പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാറിനോട് സുപ്രീംകോടതി വിശദീകരണവും തേടി. വിവാദമായ ഇന്‍്റര്‍നെറ്റ് നിയമത്തിന്റെഅടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. മൂന്നു വര്‍ഷം വരെ തടവു ലഭിക്കാവുന്ന ഈ നിയമം എളുപ്പം ദുരുപയോഗം ചെയ്യാനുള്ള സാധ്യത  നിലനില്‍ക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഐ.ടി ആക്ടിലെ 66(എ) വകുപ്പിനെ ചോദ്യം ചെയ്ത് ശ്രേയ സിംഗാള്‍ എന്ന നിയമ വിദ്യാര്‍ഥി സമര്‍പിച്ച പൊതു താല്‍പര്യ ഹരജി സുപ്രീംകോടതി ഇന്നലെ പരിഗണനക്കെടുത്തിരുന്നു. ഫേസ്ബുക്ക് അറസ്റ്റിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച കോടതി ഈ വിഷയത്തില്‍ നിലപാടറിയിക്കാന്‍ അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെഅടിസ്ഥാനത്തില്‍ എ ജി ജി.ഇ വഹനവതി ഇന്ന് മറുപടി ബോധിപ്പിക്കുകയുണ്ടായി. പെണ്‍കുട്ടികളുടെ അറസ്റ്റിനെ ന്യായീകരിക്കുകയല്ലെന്നും എന്നാല്‍, ഈ നിയമം കൃത്യമായ വിവക്ഷിക്കപ്പെട്ടതാണെന്നുമായിരുന്നു എ ജിയുടെ മറുപടി.  ഇത് നിരാകരിച്ച ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ ഈ നിയമത്തില്‍ കുറ്റം വിവക്ഷിക്കപ്പെട്ടത് ശരിയായ രീതിയില്‍ അല്ല എന്നും ദുരുപയോഗം ചെയ്യാനുള്ള എല്ലാ സാധ്യതകളോടും കൂടിയാണെന്നും തിരുത്തി.  സര്‍ക്കാര്‍ പുറത്തുവിട്ട മാര്‍ഗരേഖയില്‍  ഈ വകുപ്പനുസരിച്ച് തീരുമാനമെടുക്കാനുള്ള അവകാശം ഗ്രാമീണ മേഖലയില്‍ ഡി.ജി.പി റാങ്കിലുള്ളവര്‍ക്കും നഗരങ്ങളില്‍ ഐ.ജി.പി റാങ്കിലുള്ളവര്‍ക്കുമാണെന്ന് വഹനവതി ചൂണ്ടിക്കാട്ടി.
അതിനിടെ, വിവാദ വകുപ്പിനെതിരെ കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദി നല്‍കിയ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെപേരില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ രാജ്യ ദ്രോഹക്കുറ്റം ചുമത്തി ത്രിവേദിയെ മുംബൈയില്‍ അറസ്റ്റ് ചെയ്ത സംഭവം വിവാദമായിരുന്നു. 
ഈ മാസം ആദ്യത്തില്‍ ആണ് താക്കറെയുടെ മരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട ശഹീന്‍ ദാദ എന്ന പെണ്‍കുട്ടിയെയും അത് ഷെയര്‍ ചെയ്ത റിനു ശ്രീനിവാസനെയും മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്്. ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തടുര്‍ന്ന് പെണ്‍കുട്ടികളെ ജാമ്യത്തില്‍ വിട്ടെങ്കിലും വിവാദമായ വകുപ്പ് ചുമത്തി വിദ്വേഷം പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് കേസെടുത്തിരുന്നു. എന്നാല്‍, വിവിധ തലങ്ങളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ കേസും പിന്‍വലിക്കുകയുണ്ടായി.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തതിന്റെപേരില്‍ പശ്ചിമ ബംഗാളിലെ പ്രൊഫസര്‍ അംബികേഷ് മഹാപാത്രയെ അറസ്റ്റ് ചെയ്തിരുന്നു. ഈ വകുപ്പ് ദുരുപയോഗം ചെയ്ത മറ്റുസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെയാണ് മഹാരാഷ്ട്രയില്‍ പെണ്‍കുട്ടികളുടെ അറസ്റ്റ് നടന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ