Click

2012 നവംബർ 28, ബുധനാഴ്‌ച

നിതാഖാത്തില്‍ വന്‍ അട്ടിമറി

 


നിതാഖാത്തില്‍ വന്‍ അട്ടിമറി
റിയാദ്: സ്വകാര്യ തൊഴില്‍മേഖലയില്‍ സ്വദേശിവത്കരണത്തിന്‍െറ ഭാഗമായി ഒരുവര്‍ഷം മുമ്പ് തൊഴില്‍ മന്ത്രാലയം കൊണ്ടുവന്ന നിതാഖാത്ത് വ്യവസ്ഥയില്‍ വന്‍ അട്ടിമറി. വ്യവസ്ഥ മറികടക്കാന്‍ 47000 സ്വദേശികള്‍ക്ക് വ്യാജനിയമനം നല്‍കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. സോഷ്യല്‍ ഇന്‍ഷൂറന്‍സി (ഗോസി) ന്‍െറയും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററിന്‍െറയും സഹകരണത്തോടെ തൊഴില്‍ മന്ത്രാലയമാണ് നിതാഖാത്ത് വ്യവസ്ഥയിലെ അട്ടിമറി കണ്ടെത്തിയത്.
വിവിധ കമ്പനികള്‍ ജീവനക്കാരായി നിയമനം നല്‍കി ‘ഗോസി’യില്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത 47000 സ്വദേശികള്‍ നേരത്തെ സര്‍ക്കാര്‍ സര്‍വീസിലുള്ളവരാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. നിതാഖാത്ത് വ്യവസ്ഥ പ്രകാരം ഓരോ സ്ഥാപനവും നിശ്ചിത അനുപാതം തസ്തികകള്‍ സ്വദേശിവത്കരിക്കാന്‍ നിര്‍ബന്ധിതരാണ്. അനുപാതം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ സ്ഥാപനം മഞ്ഞ, ചുവപ്പ് വിഭാഗങ്ങളിലുള്‍പ്പെടുകയും മന്ത്രാലയത്തിന്‍െറ സേവനങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യും. ഇത് മറികടക്കാനാണ് സര്‍ക്കാര്‍ സര്‍വീസിലുള്ളവരെ ആ വിവരം മറച്ചു വെച്ച് സ്ഥാപനങ്ങള്‍ക്ക് പച്ച, എക്സലന്‍റ് വിഭാഗങ്ങളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ വ്യാജനിയമനങ്ങള്‍ നടത്തിയത്. വിവരം ശ്രദ്ധയില്‍ പെട്ടയുടന്‍ പ്രസ്തുത സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കി എക്സലന്‍റ്, പച്ച വിഭാഗത്തിലുള്‍പ്പെട്ടതിന്‍െറ പേരില്‍ ലഭിച്ച പ്രത്യേക ആനുകൂല്യങ്ങള്‍ എടുത്തുകളയാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് മന്ത്രാലയം. ഒരു വര്‍ഷം മുമ്പ് നടപ്പാക്കിയ നിതാഖാത്ത് പരിഷ്കരണം വഴി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 3,80,000 സ്വദേശികള്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി നല്‍കാനായിട്ടുണ്ടെന്ന് സെപ്റ്റംബര്‍ മാസത്തില്‍ തൊഴില്‍മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ് നടത്തിയ പ്രസ്താവനയില്‍ അവകാശപ്പെട്ടിരുന്നു. ഈ എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ ജോലി ലഭിച്ചവരുടെ എണ്ണത്തിന്‍െറ 20 മടങ്ങ് വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്വദേശി നിയമനത്തില്‍ സ്ഥാപനങ്ങള്‍ നടത്തിയ വന്‍ കൃത്രിമം കണ്ടെത്തിയിരിക്കെ തൊഴില്‍മന്ത്രി വെളിപ്പെടുത്തിയ കണക്ക് സംശാസ്പദമായിരിക്കുകയാണ്. നാഷണല്‍ ഗാര്‍ഡില്‍ സേവനമനുഷ്ഠിക്കുന്ന സൈനികരുടെ പേരുകള്‍ ‘ഗോസി’യില്‍ രജിസ്റ്റര്‍ ചെയ്ത് കൃത്രിമ നിയമനം നല്‍കിയ സമാനമായ കേസുകള്‍ മുമ്പും മന്ത്രാലയത്തിന്‍െറ ശ്രദ്ധയില്‍ പെട്ടിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ