Click

2012 നവംബർ 27, ചൊവ്വാഴ്ച

മുഹിമ്മാത്ത്: ത്വാഹിര്‍ തങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരം: പള്ളങ്കോട് മദനി

കാസര്‍കോട്: മത-ഭൗതിക സമന്വയരംഗത്ത് രണ്ട് ദശാബ്ദങ്ങള്‍ക്കു മുമ്പ് വിവിധോദ്ദേശങ്ങളോടെ രൂപം കൊണ്ട മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജ്യുക്കേഷന്‍ കോംപ്ലക്‌സ് ആദര്‍ശത്തിന്റെ ആള്‍രൂപമായിരുന്ന ത്വാഹിര്‍ തങ്ങളുടെ സ്വപ്നസാക്ഷാത്കാരമായിരുന്നുവെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പ്രസ്താവിച്ചു. ഭൗതിക സാഹചര്യങ്ങള്‍ പോലും തീര്‍ത്തും അപ്രാപ്യമായിരുന്ന ഒരു സാഹചര്യത്തില്‍ നിന്ന് വൈജ്ഞാനിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മഹാപ്രവാഹമായി മുഹിമ്മാത്ത് വളര്‍ന്നതിനു പിന്നില്‍ ത്വാഹിര്‍ തങ്ങളുടെ ദീര്‍ഘവീക്ഷണമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് മുഹിമ്മാത്ത് മുന്നോട്ടുവെക്കുന്ന 20 ഇന വൈജ്ഞാനിക-ജീവകാരുണ്യ പദ്ധതികള്‍ സമൂഹത്തിന് മൊത്തം മാതൃകയാണെന്നും നിരാലംബരും നിസ്സഹായരുമായ അനേകമാളുകളുകളില്‍ മുഹിമ്മാത്തിന്റെ സാന്ത്വന സ്പര്‍ശവും സന്ദേശവും എത്തിക്കാന്‍ സംഘടനാ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 21, 22, 23 തിയതികളില്‍ നടക്കുന്ന മുഹിമ്മാത്ത് 20-ാം വാര്‍ഷിക സനദ്ദാന സമ്മേളന വിജയത്തിന് ജില്ലാ പ്രചാരണസമിതി രൂപവത്കരിച്ചു. ജില്ലാ സുന്നിസെന്ററില്‍ ചേര്‍ന്ന മുഹിമ്മാത്ത് 20-ാം വാര്‍ഷിക സനദ്ദാന സമ്മേളന ജില്ലാ പ്രചാരണ കണ്‍വെന്‍ഷനില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. എ കെ ഇസ്സുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ കരിവെള്ളൂര്‍, ഹമീദ് മൗലവി ആലംപാടി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ഹസ്ബുല്ലാഹ് തളങ്കര, ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് കരിപ്പൊടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ബി കെ അബ്ദുല്ല ഹാജി (ചെയര്‍.), എ ബി അബ്ദുല്ല മാസ്റ്റര്‍, നാസര്‍ ബന്താട്, അമീറലി ചൂരി, റഹ്മാനിയ്യ ഹാജി, സുബൈര്‍ എയ്യള (വൈസ് കണ്‍.), സുലൈമാന്‍ സഖാഫി ദേശാംകുളം (ജന.കണ്‍.), റഫീഖ് സഅദി ദേലംപാടി, എം പി മുഹമ്മദ് ഫൈസി, ബശീര്‍ മങ്കയം, തോക്കെ മുഹമ്മദ് സഖാഫി, സിദ്ദീഖ് പൂത്തപ്പലം (ജോ.കണ്‍.), ഇത്തിഹാദ് മുഹമ്മദ് ഹാജി (ട്രഷറര്‍).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ