Click

2012 ഡിസംബർ 4, ചൊവ്വാഴ്ച

ലോക് സഭയില്‍ ഇന്ന് വോട്ടെടുപ്പ്: എല്ലാ കണ്ണുകളും മുലായമിലേക്ക്

 

ലോക് സഭയില്‍ ഇന്ന് വോട്ടെടുപ്പ്: എല്ലാ കണ്ണുകളും മുലായമിലേക്ക്
ന്യൂദല്‍ഹി: ചില്ലറ വ്യാപര രംഗത്ത് വിദേശ നിക്ഷേപം കൊണ്ടുവരുന്നതില്‍ പ്രതിപക്ഷത്തിന്‍െറയും ഘടകകക്ഷികളുടെയും ശക്തമായ എതിര്‍പ്പിനിടയില്‍ യു.പി.എ സര്‍ക്കാറിന് ഇന്ന് അഗ്നി പരീക്ഷ. വിദേശ നിക്ഷേപം സംബന്ധിച്ച് ബുധനാഴ്ച വൈകുന്നേരം ആറുമണിക്ക് ലോക്സഭയില്‍ വോട്ടെടുപ്പ് നടക്കും. പ്രതിപക്ഷനേതാവ് സുഷമാ സ്വരാജിന്‍െറ വാതങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ ടെലികോം മന്ത്രി കപില്‍ സിബലാണ് ചൊവ്വാഴ്ച ഭരണ പക്ഷത്തുണ്ടായിരുന്നത്.
ലോക്സഭയില്‍ സ്വന്തംനിലക്ക് ഭൂരിപക്ഷമില്ലാത്ത യു.പി.എ സര്‍ക്കാര്‍ ചില്ലറ വ്യാപാരത്തിലെ വിദേശ നിക്ഷേപത്തെക്കുറിച്ച് നടത്തിയ ചര്‍ച്ചാവേളയില്‍ ഇന്നലെ സഭയില്‍ ഒറ്റപ്പെട്ടിരുന്നു. പുറംപിന്തുണ നല്‍കുന്ന സമാജ്വാദി പാര്‍ട്ടിയടക്കം, ഭരണത്തിന് പുറത്തുള്ള എല്ലാ പാര്‍ട്ടികളും ബഹുബ്രാന്‍ഡ് ചില്ലറവ്യാപാരത്തില്‍ 51 ശതമാനം വിദേശ നിക്ഷേപം (എഫ്.ഡി.ഐ) അനുവദിച്ച തീരുമാനത്തിന് എതിരാണ്. എങ്കിലും ഇന്നത്തെ വോട്ടെടുപ്പില്‍ മുലായം സിങ് യാദവിന്‍െറ നിലപാട് നിര്‍ണ്ണായകമാകും.
യു.പി.എയില്‍ ഡി.എം.കെയും കോണ്‍ഗ്രസിനൊപ്പമില്ല. എന്നാല്‍, ചര്‍ച്ചക്കൊടുവില്‍ ബുധനാഴ്ച വോട്ടെടുപ്പ് നടക്കുമ്പോള്‍, സര്‍ക്കാറിനെ അപകടപ്പെടുത്താതിരിക്കാന്‍ പുറംപിന്തുണക്കാരായ സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പിയും വിട്ടുനിന്നേക്കും.
റീട്ടെയില്‍ എഫ്.ഡി.ഐ അനുവദിച്ച തീരുമാനം പിന്‍വലിക്കണമെന്ന് ബി.ജെ.പിയും ഇടതുപാര്‍ട്ടികളും അടക്കം പ്രതിപക്ഷം ആവശ്യപ്പെട്ടു. ചെറുകിട വ്യാപാരികള്‍ക്ക് വന്‍കിടക്കാരുമായി മത്സരിക്കാന്‍ കഴിയില്ലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിങ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടയില്‍ ഈ തീരുമാനം കോണ്‍ഗ്രസിന് രാഷ്ട്രീയമായും ഉപകാരപ്പെടില്ല. അതുകൊണ്ട് തീരുമാനം ഉപേക്ഷിക്കണം.
ചില്ലറ വ്യാപാരത്തിലെ വിദേശ നിക്ഷേപത്തിന് എതിരാണെന്ന് യു.പി.എ സഖ്യകക്ഷിയായ ഡി.എം.കെ പറഞ്ഞു. എന്നാല്‍, സര്‍ക്കാറിനെതിരെ പാര്‍ലമെന്‍റില്‍ വോട്ടുചെയ്യില്ല. പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് സര്‍ക്കാറിനെ താഴെയിറക്കാനില്ല. ബി.എസ്.പിയും സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തു. എന്നാല്‍, വോട്ടെടുപ്പില്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയില്ല. സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് വോട്ടുചെയ്യുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനര്‍ജി പറഞ്ഞു.
ബുധനാഴ്ചയും തുടരുന്ന 14 മണിക്കൂര്‍ ചര്‍ച്ച തുടങ്ങിവെച്ചത്, ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തോടെ ബി.ജെ.പി നേതാവ് സുഷമ സ്വരാജാണ്. 2002ല്‍ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന മന്‍മോഹന്‍സിങ് റീട്ടെയില്‍ എഫ്.ഡി.ഐയെ എതിര്‍ത്തിരുന്നുവെന്ന് സുഷമ പറഞ്ഞു. എന്നിട്ടിപ്പോള്‍ നടപ്പാക്കുന്നതിന്‍െറ കാരണം വിശദീകരിക്കണം. വോട്ടെടുപ്പുവേളയില്‍ പ്രതിപക്ഷ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്യാന്‍ നിലപാട് പുറത്തുപറയാതെ ആടിക്കളിക്കുന്ന സമാജ്വാദി പാര്‍ട്ടിയോടും ബി.എസ്.പിയോടും സുഷമ ആവശ്യപ്പെട്ടു.
മൊത്ത-ചില്ലറ എഫ്.ഡി.ഐയെ 2004ല്‍ എഴുതിയ ലേഖനത്തില്‍ സി.പി.എം നേതാവ് സീതാറാം യെച്ചൂരി അനുകൂലിച്ചിട്ടുണ്ടെന്ന വാദത്തോടെയാണ് പ്രതിപക്ഷനിരയെ കേന്ദ്രമന്ത്രി കപില്‍ സിബല്‍ നേരിട്ടത്. റീട്ടെയില്‍ എഫ്.ഡി.ഐ വന്നാല്‍ തട്ടുകടകള്‍ തട്ടിമാറ്റി കെ.എഫ്.സി വിപണി പിടിക്കുമെന്ന് ഭയക്കേണ്ടതില്ല. ഇന്ത്യന്‍ ബ്രാന്‍ഡുകളെ വിലകുറച്ചുകാണേണ്ടതുമില്ല. എഫ്.ഡി.ഐ തീരുമാനത്തെ എന്‍.ഡി.എ മന്ത്രിയായിരുന്ന മുരശൊലി മാരന്‍ (ഡി.എം.കെ) പിന്തുണച്ചിരുന്നുവെന്നും കപില്‍ സിബല്‍ വാദിച്ചു.
വോട്ടെടുപ്പ് നടക്കുന്നതിനൊപ്പം വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടമായ ‘ഫെമ’യില്‍ ആവശ്യമായ ഭേദഗതിയും സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. ഇതിന്മേല്‍ വേറെ ചര്‍ച്ചയും വോട്ടെടുപ്പും വേണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ മീരാകുമാര്‍ നിരസിച്ചു. ബി.ജെ.പിയിലെ യശ്വന്ത്സിന്‍ഹയും സി.പി.എമ്മിലെ ബസുദേവാചാര്യ, സി.പി.ഐയിലെ ഗുരുദാസ് ദാസ്ഗുപ്ത എന്നിവരുമാണ് ഈ ആവശ്യമുന്നയിച്ചത്. ‘ഫെമ’യില്‍ പ്രത്യേകം വോട്ടെടുപ്പ് നടന്നാല്‍ സര്‍ക്കാറിന്‍െറ നില ഒരിക്കല്‍ക്കൂടി പരുങ്ങലിലാവുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്.
എന്നാല്‍ എഫ്.ഡി.ഐ, ഫെമ ചര്‍ച്ച ഒന്നിച്ചു നടത്തുമെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ