Click

2012 ഡിസംബർ 4, ചൊവ്വാഴ്ച

ഇന്ത്യന്‍ കമ്പനിയുടെ കരാര്‍ റദ്ദാക്കിയ നടപടി മാലദ്വീപ് ബന്ധത്തെ ബാധിച്ചേക്കും

 

ന്യൂദല്‍ഹി: വിമാനത്താവള നിര്‍മാണ കരാര്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ കടുത്ത നിലപാട് തണുപ്പിക്കാന്‍ ഇന്നലെ മാലദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുസ്സമദ് അബ്ദുല്ല ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദിനെ ഫോണില്‍ വിളിച്ചു.
മാലദ്വീപിലെ ഇബ്രാഹീം നസീര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ നവീകരണപ്രവൃത്തി ഇന്ത്യന്‍ കമ്പനിയായ ജി.എം.ആറിന് നല്‍കിയ കരാര്‍ മാലദ്വീപ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. 2,730 കോടി രൂപയുടെ കരാറാണ് ഇന്ത്യന്‍ താല്‍പര്യങ്ങളെ അവഗണിച്ച് റദ്ദാക്കിയത്. സര്‍ക്കാര്‍ നടപടി തിങ്കളാഴ്ച സിംഗപ്പൂര്‍ ഹൈകോടതി സ്റ്റേ ചെയ്തെങ്കിലും കോടതി വിധി അംഗീകരിക്കില്ലെന്ന നിലപാടാണ് മാലദ്വീപ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതോടെ, ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ഉഭയകഷി ബന്ധം തകരുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.
മാലദ്വീപിന് നല്‍കിവരുന്ന രണ്ടര കോടി ഡോളറിന്‍െറ ( 136.5 കോടി രൂപ) വാര്‍ഷിക സഹായം നിര്‍ത്തിവെക്കേണ്ടിവരുമെന്ന് ഇന്ത്യ മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം നഷ്ടമാകുമെന്ന സാഹചര്യം വന്നതോടെയാണ് ഇന്ത്യയെ തണുപ്പിക്കാന്‍ മാലദ്വീപ് സര്‍ക്കാര്‍ നീക്കമാരംഭിച്ചത്. ഇന്ത്യന്‍ കമ്പനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കാനിടയായ കാരണങ്ങളും സാഹചര്യങ്ങളും വിശദീകരിച്ച് സര്‍ക്കാര്‍ നിലപാട് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഉടന്‍ സമര്‍പ്പിക്കുമെന്ന് അബ്ദുസ്സമദ് അബ്ദുല്ല അറിയിച്ചു. സര്‍ക്കാറിന്‍െറ നിലപാട് ഇന്ത്യക്ക് ബോധ്യപ്പെടുമെന്നും ഇത് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം ഇല്ലാതാകാന്‍ ഇടവരുത്തില്ലെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം ഇന്ത്യയെ അറിയിച്ചു. ഖുര്‍ശിദ് ഇന്ത്യയുടെ അസംതൃപ്തി അബ്ദുല്ലയെ അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധത്തെ ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം മാലദ്വീപിന് മുന്നറിയിപ്പുനല്‍കി.
സര്‍ക്കാറിന്‍െറ തീരുമാനം നടപ്പാക്കുക തന്നെ ചെയ്യുമെന്നാണ് ചൊവ്വാഴ്ച മാലദ്വീപ് പ്രതിരോധ മന്ത്രി മുഹമ്മദ് നാസിം വാര്‍ത്താലേഖകരോട് പറഞ്ഞത്. അടുത്ത ശനിയാഴ്ച സര്‍ക്കാര്‍ നിയന്ത്രിത മാല്‍ഡിവ്സ് എയര്‍പോര്‍ട്ട് കമ്പനി (എം.എ.സി.എല്‍) വിമാനത്താവളത്തിന്‍െറ നവീകരണ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും അദ്ദേഹം മാലെയില്‍ അറിയിച്ചു.
ബംഗളൂരു ആസ്ഥാനമായ ജി.എം.ആറുമായുണ്ടാക്കിയ കരാര്‍ കഴിഞ്ഞ നവംബര്‍ 27നാണ് മാലദ്വീപ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇതിനെതിരെ ജി.എം.ആര്‍ കമ്പനി സിംഗപ്പൂര്‍ കോടതിയെ സമീപിച്ചു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള കരാറിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ സിംഗപൂരിലെയോ ബ്രിട്ടനിലെയോ കോടതിയിലാണ് തീര്‍പ്പാക്കേണ്ടതെന്ന് കരാറില്‍ വ്യവസ്ഥയുണ്ട്. ഇതനുസരിച്ചാണ് ഇന്ത്യന്‍ കമ്പനി സിംഗപ്പൂരില്‍ പരാതി നല്‍കിയത്. കോടതി ഇന്ത്യന്‍ കമ്പനിക്ക് അനുകൂലമായി വിധിക്കുകയും മാലദ്വീപ് സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യുകയുമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ