Click

2012 ഡിസംബർ 3, തിങ്കളാഴ്‌ച

ഫലസ്തീനില്‍ ജൂതരുടെ എണ്ണം പെരുകുന്നു

 


ഫലസ്തീനില്‍ ജൂതരുടെ എണ്ണം പെരുകുന്നു
റാമല്ല: ഫലസ്തീന്‍ നഗരമായ വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റം ഒരു വര്‍ഷത്തിനിടയില്‍ 4.5 ശതമാനം വര്‍ധിച്ചതായി ഇസ്രായേലിന്‍െറ ഔദ്യാഗിക റിപ്പോര്‍ട്ട്. ഈ കാലയളവില്‍ 15,000ത്തിലധികം ജൂതര്‍ ഫലസ്തീന്‍ ഭൂമിയില്‍ കൂടുതലായി അധിനിവേശം നടത്തിയെന്നാണ് ഇസ്രായേലിന്‍െറ ജനസംഖ്യാ രജിസ്റ്റര്‍ വെളിപ്പെടുത്തുന്നത്. വെസ്റ്റ്ബാങ്കില്‍ 3000 പാര്‍പ്പിടകേന്ദ്രങ്ങള്‍കൂടി ആരംഭിക്കാനാണ് ഇസ്രായേല്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
ഇസ്രായേലിന്‍െറ കണക്കനുസരിച്ച് വെസ്റ്റ്ബാങ്കില്‍ ജൂതരുടെ ജനസംഖ്യ മൂന്നരലക്ഷം കടന്നിട്ടുണ്ട്. 1967ലെ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചെടുത്ത പ്രദേശത്താണ് ജൂതരുടെ ജനസംഖ്യ പെരുകിവരുന്നത്. നിലവിലുള്ള ജൂത കോളനിയായ മഅ്ലെ അദുമിം മുതല്‍ കിഴക്കന്‍ ജറൂസലമിന്‍െറ കിഴക്കേയറ്റം വരെയുള്ള അഞ്ച് കിലോമീറ്റര്‍ സ്ഥലത്ത് മൂന്നുലക്ഷത്തിലധികം ജൂത കുടിയേറ്റക്കാര്‍ ഉണ്ടെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ അനുകൂല പത്രമായ ‘ഇസ്രായേല്‍ ഹയോം’ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 12 വര്‍ഷംകൊണ്ട് ഫലസ്തീന്‍ ഭൂമിയിലെ ജൂത കുടിയേറ്റക്കാരുടെ എണ്ണം ഏറക്കുറെ ഇരട്ടിയായാണ് വര്‍ധിച്ചത്. ഫലസ്തീന്‍ രാഷ്ട്രം വരുകയാണെങ്കില്‍ തലസ്ഥാനമാക്കാന്‍ ഉദ്ദേശിക്കുന്ന കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണിത്.
നാലുവര്‍ഷം കൊണ്ട് വെസ്റ്റ്ബാങ്കിലെയും കിഴക്കന്‍ ജറൂസലമിലെയുംജൂത കുടിയേറ്റക്കാരുടെ എണ്ണം 10 ലക്ഷമാകുമെന്ന് പ്രമുഖ ഇസ്രായേല്‍ രാഷ്ട്രീയ നേതാവായ യാക്കോബ് കാറ്റ്സ് പ്രവചിച്ചു.
ഇതോടെ തങ്ങളുടെ ‘വിപ്ളവം’ പൂര്‍ത്തിയാവുമെന്ന് അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര നിയമമനുസരിച്ച് വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറൂസലമിലെയും ജൂത കുടിയേറ്റം അനധികൃതമാണ്. പശ്ചിമേഷ്യന്‍ സമാധാനശ്രമങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയുംജൂത കുടിയേറ്റമാണ്. ഇസ്രായേല്‍ നടത്തിവരുന്ന നിരന്തരകുടിയേറ്റം അംഗീകരിക്കില്ലെന്ന് അവരുടെ സംരക്ഷകരായ അമേരിക്കതന്നെ വ്യക്തമാക്കിയിട്ടുണ്ട്. കുടിയേറ്റ കേന്ദ്രങ്ങള്‍ നിയമവിധേയമാക്കുന്നത് എതിര്‍ക്കുമെന്ന് യു.എസ് സ്റ്റേറ്റ് വകുപ്പ് വക്താവ് പാട്രിക് വെന്‍ട്രല്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഫലസ്തീനികളുടെ സ്വത്തിനും പള്ളികള്‍ക്കും കൃഷിഭൂമിക്കും നേരെയുള്ള ഇസ്രായേലിന്‍െറ ആക്രമണം ഒരു വര്‍ഷത്തിനിടയില്‍ 150 ശതമാനം വര്‍ധിച്ചതായി ഫലസ്തീന്‍ അതോറിറ്റി പ്രധാനമന്ത്രി സലാംഫയ്യാദ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ